കൂടരഞ്ഞിയില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം


തിരുവമ്പാടി: കൂടരഞ്ഞിയില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. തോട്ടപ്പള്ളി സ്വദേശി ജിബിന്‍ സാബു, കാരശ്ശേരി പാറത്തോട് സ്വദേശി അമേസ് സെബാസ്റ്റിയന്‍ എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച വൈകുന്നേരം 05:45 ഓടെയാണ് അപകടം ഉണ്ടാകുന്നത്. കൂടരഞ്ഞി-മുക്കം റോഡില്‍ താഴെക്കൂടരഞ്ഞിയില്‍ വച്ചാണ് അപകടമുണ്ടായത്. യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇരുവരെയും നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബൈക്കും ഓട്ടോറിക്ഷയും അമിതവേഗത്തിലായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ജിബിനും അമേസും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമായത്. ഇരുവരുടെയും മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ നാളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവിടെ വാഹനാപകടങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. അപകടങ്ങള്‍ ഒഴിവാക്കാന്‍ അധികൃതര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.