കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരിക്ക് നിത്യസ്മാരകമൊരുക്കണം


കൊയിലാണ്ടി: കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ സ്മരണയ്ക്കായി കലാമണ്ഡലം മാതൃകയില്‍ കലാസാംസ്‌കാരിക പഠനകേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഗുരുവിന്റെ ബന്ധുക്കള്‍, ശിഷ്യര്‍, കഥകളിയെ നെഞ്ചേറ്റിയ ആസ്വാദകര്‍, വാദ്യ കലാകാരന്‍മാര്‍ തുടങ്ങിയവരെല്ലാം ആവശ്യവുമായി രംഗത്ത്.

കഥകളി, കഥകളി സംഗീതം, ചെണ്ട, അഷ്ടപദി, വിവിധ നൃത്ത രൂപങ്ങള്‍, തിറയാട്ടം മുതലായ അനുഷ്ഠാന കലകള്‍, ചിത്ര രചന തുടങ്ങി എല്ലാകലകളും പഠിപ്പിക്കുന്ന ഒരു കേന്ദ്രമായി ഈ സ്മാരകം മാറണമെന്നാണ് ജനാഭിലാഷം.

ചേമഞ്ചേരി, ചെങ്ങോട്ടുകാവ് ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് വിവിധകലകളില്‍ അംഗീകൃതപഠനം നടത്താന്‍കഴിയുന്ന കലാമണ്ഡലം പോലൊരു സ്ഥാപനമാണ് ഗുരുവിന്റെ സ്മാരകമായി വേണ്ടത്. ഇതിനായി പ്രകൃതിമനോഹരമായ ഒരിടം കണ്ടെത്തണം. അവിടെ കഥകളിവേഷങ്ങള്‍ പരിചയപ്പെടുത്തുന്ന ആര്‍ട്ട് ഗാലറി, കഥകളിവേഷങ്ങളും കോപ്പുകളും ഗുരുവിന് ലഭിച്ച അംഗീകാരങ്ങളും മറ്റും പ്രദര്‍ശിപ്പിക്കുന്ന മ്യൂസിയം, പരിശീലനകേന്ദ്രം എന്നിവ സ്ഥാപിക്കണമെന്നാണ് ആവശ്യം.