കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരം പരിസ്ഥിതി സൗഹൃദമാക്കുന്നു


കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസ്ഥിതി സൗഹൃദമാക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി.ദേശീയ ഹരിത ട്രിബ്യൂണലിന്റെയും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പരിസ്ഥിതി സൗഹൃദമാക്കുക.

റെയില്‍വേ സ്റ്റേഷനില്‍ നടപ്പാക്കേണ്ട കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ റെയില്‍വേ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബ്രിയോണ്‍ ജോണിന്റെ നേതൃത്വത്തിലുള്ള സംഘം കൊയിലാണ്ടിയിലെത്തി വിവിധ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി.

പാസഞ്ചേഴ്സ് അസോസിയേഷന്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. റെയില്‍വേ സ്റ്റേഷനിലും പരിസരപ്രദേശങ്ങളിലും മാലിന്യങ്ങള്‍ വലിച്ചെറിയുന്നവരുടെ പേരില്‍ കര്‍ശനനടപടി സ്വീകരിക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു.


മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ സി.സി. ടി.വി. സ്ഥാപിക്കണമെന്ന ആവശ്യവും നിലവിലുണ്ട്. തെരുവുനായശല്യം,സാമൂഹ്യവിരുദ്ധരുടെ കേന്ദ്രം, പൊടിശല്യം തുടങ്ങിയതൊക്കെ റെയില്‍വേസ്റ്റേളന്‍ പരിസരത്തു നിന്നും തുടച്ചു നീക്കണമെന്നും ആവശ്യം.

ഒരു വര്‍ഷംമുമ്പ് പണി പൂര്‍ത്തിയായ പുതിയ റെയില്‍വേസ്റ്റേഷന്‍ കെട്ടിടം ഇതുവരെ തുറന്നുകൊടുത്തിട്ടില്ലെന്നും 24 മണിക്കൂറും ടിക്കറ്റ് റിസര്‍വ് ചെയ്യാനുള്ള സംവിധാനവും ഏര്‍പ്പെടുത്തണമെന്നും യോഗത്തില്‍ അഭിപ്രായപ്പെട്ടു.

റെയില്‍വേ മെഡിക്കല്‍ ഓഫീസര്‍ ബ്രിയോണ്‍ ജോണ്‍, സ്റ്റേഷന്‍ സൂപ്രണ്ട് കെ. രമ, നഗരസഭാ കൗണ്‍സിലര്‍ എ. ലളിത, കൊയിലാണ്ടി എസ്.ഐ. ടി.പി. സുലൈമാന്‍, റെയില്‍വേ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൃഷ്ണകുമാര്‍, റോട്ടറി ക്ലബ്ബ് പ്രസിഡന്റ് കെ.എസ്. ഗോപാലകൃഷ്ണന്‍, പി. ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.