കോച്ച് ഒ എം നമ്പ്യാര്‍ പത്മശ്രീ പുരസ്‌ക്കാരത്തിന്റെ നിറവില്‍


വടകര: പി.ടി.ഉഷ എന്ന സ്പ്രിന്റ് റാണിയെ ലോകത്തോളം വളര്‍ത്തിയ കോച്ച് ഒതയോത്ത് മാധവന്‍ നമ്പ്യാര്‍ക്ക് പത്മശ്രീ പുരസ്‌ക്കാരം. എണ്‍പത്തിയെട്ടാം വയസ്സിലാണ് അദ്ദേഹത്തിന് പത്മശ്രീ പുരസ്‌ക്കാരം ലഭിക്കുന്നത്. 1985ല്‍ ഒ എം നമ്പ്യാര്‍ക്ക് പ്രഥമ ദ്രോണാചാര്യ പുരസ്‌കാരം ലഭിച്ചിരുന്നു. കായികരംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് അത് പത്മശ്രീയിലേക്കെത്താന്‍ മൂന്നര പതിറ്റാണ്ടിലേറെ കാലം വേണ്ടി വന്നു. പ്രായത്തിന്റെ അവശതകളുമായി മണിയൂരിലെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുകയാണ് അദ്ദേഹമിപ്പോള്‍.

പി.ടി.ഉഷ നേട്ടങ്ങളുടെ പടവുകള്‍ കയറുമ്പോള്‍ ലോകം അറിഞ്ഞ പേരാണ് കോച്ച് നമ്പ്യാരുടേത്. 1984 ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്സില്‍ പി.ടി. ഉഷക്കു 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സെക്കന്റിന്റെ നൂറിലൊരംശത്തിനു മെഡല്‍ നഷ്ടപ്പെട്ടപ്പോള്‍ ഇന്ത്യാ മഹാരാജ്യം ഒന്നടങ്കം സങ്കടക്കണ്ണീരാലാണ്ടു. എങ്കിലും നാലാം സ്ഥാനത്തെത്തിയ ഉഷയേയും കോച്ചിനെയും അഭിമാനതാരങ്ങളായി രാജ്യം വാഴ്ത്തി. ഇരുവരേയും നാട് നെഞ്ചോട് ചേര്‍ത്തു.

വൈഭവം നിറഞ്ഞ പരിശീലകന്‍ എന്ന നിലയില്‍ 1985ല്‍ കോച്ച് നമ്പ്യാറെ തേടി ദ്രോണാചാര്യ പുരസ്‌കാരമെത്തി. പിന്നീട് പരിശീലകവേഷത്തിലും ഉപദേശകനായും കായിക രംഗത്ത് തിളങ്ങി. ട്രാക്കില്‍ തുടര്‍ന്നെങ്കിലും രാജ്യത്തിന്റെ പരമോന്നത ആദരം തേടിയെത്താന്‍ മൂന്നര പതിറ്റാണ്ട് വേണ്ടിവന്നു.

മണിയൂര്‍ മീനത്തുകര ഒതയോത്ത് മാധവന്‍ നമ്പ്യാര്‍ വടകരയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലാണ് പ്രീഡിഗ്രി പൂര്‍ത്തിയാക്കിയത്. കായികമികവില്‍ വ്യോമസേനയില്‍ ചേര്‍ന്ന അദ്ദേഹം പിന്നീട് അത്ലറ്റിക്സ് പരിശീലകനായി.

1970ല്‍ കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ കോച്ചായി നിയമിതനായി. ആറു വര്‍ഷത്തിനുശേഷം കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന്‍ രൂപവത്കരിച്ചപ്പോള്‍ പരിശീലകനായെത്തിയ ഒ.എം.നമ്പ്യാര്‍ ആദ്യബാച്ചിലെ വിദ്യാര്‍ഥിനിയായിരുന്ന പി.ടി.ഉഷയുടെ മികവ് കണ്ടറിഞ്ഞ് വളര്‍ത്തിയതോടെ ഇരുവരുടേയും ജാതകം മാറ്റിമറിക്കുകയായിരുന്നു. ദേശീയ സ്‌കൂള്‍ കായികമേള മുതല്‍ ഒളിമ്പിക്സ് വരെ ഉഷയുടെ സാന്നിധ്യമുറപ്പിച്ച ഒ.എം. നമ്പ്യാര്‍ കര്‍ക്കശക്കാരനായ പരിശീലകനായാണ് അറിയപ്പെട്ടത്. അതിന്റെ ഗുണമാണ് രാജ്യത്തിന് മിടുക്കരായ കായികതാരങ്ങളെ സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചത്.

പി.ടി. ഉഷയുടെ പരിശീലകസ്ഥാനമൊഴിഞ്ഞശേഷം സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെയും സഹായത്താല്‍ യുവതാരങ്ങളെ പരിശീലിപ്പിച്ചു. മണിയൂരിലെ വീട്ടില്‍ കുടുംബത്തോടൊപ്പം വിശ്രമ ജീവിതം നയിക്കുകയാണ് അദ്ദേഹം.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക