വയലേലകളില്‍ മകരകൃഷിയുടെ ഞാറ്റുപാട്ട്; പ്രതീക്ഷയോടെ കര്‍ഷകര്‍, ഇന്ധനവില വര്‍ദ്ധനവ് കാര്‍ഷിക മേഖലയ്ക്കും തിരിച്ചടി


പേരാമ്പ്ര: തോരാത്ത മഴയ്ക്ക് ശമനമായില്ലെങ്കിലും കര്‍ഷകര്‍ ഉണരുകയാണ്, മകര കൃഷിയുടെ തിരക്കിലേക്ക്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ ഞാറ്റടി തയ്യാറാക്കി വിത്തെറിഞ്ഞാലെ വളര്‍ച്ചയെത്തിയ ഞാറ് വേഗത്തില്‍ പറിച്ച് നടാന്‍ കഴിയുകയുളളു. അത്യുല്‍പ്പാദന ശേഷിയുളള വൈശാഖ്, ജയ, ഉമ തുടങ്ങിയ വിത്തുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ 16 മുതല്‍ 22 വരെ ദിവസങ്ങള്‍ക്കുളളില്‍ ഞാറ് പറിച്ച് നടണം.

അത്യുല്‍പ്പാദന ശേഷിയുളള വിത്തുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ 120 ദിവസം കൊണ്ട് വിളവെടുക്കാന്‍ പാകമാകും. പരമ്പരാഗത നെല്‍വിത്തുകള്‍ ഉപയോഗിച്ചുളള കൃഷി വിളവെടുക്കാന്‍ അഞ്ചരമാസത്തോളം വേണം. ഞാറ് വേഗത്തില്‍ പറിച്ച് നട്ടാല്‍ മാത്രമേ കൂടുതല്‍ കണകള്‍പൊട്ടി കുടുതല്‍ ഉല്‍പ്പാദന ശേഷി കൈവരിക്കുകയുളളു.

ഇന്ധന വില വര്‍ദ്ധനവ് കാര്‍ഷിക മേഖലയ്ക്കും തിരിച്ചടിയായിരിക്കുകയാണ്. വില വര്‍ദ്ധനവ് കാര്‍ഷികോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുളള ചെലവ് ഉയര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഒരു മണിക്കൂര്‍ ട്രില്ലര്‍ കൊണ്ട് നിലം ഉഴുത് മറിക്കാന്‍ 600 രൂപയായിരുന്നു വാങ്ങിയിരുന്നതെങ്കില്‍ ഇത്തവണം 650 രൂപയായി ഉയര്‍ന്നു. ട്രാക്ടര്‍ കൊണ്ട് നിലം പാകപ്പെടുത്താന്‍ മണിക്കൂറിന് 750 രൂപ വേണം. ചില പാടശേഖര സമിതികള്‍ക്ക് സ്വന്തമായി ട്രില്ലര്‍ ഉണ്ടെങ്കിലും ഓപ്പറേറ്റര്‍മാര്‍ ഇല്ലാത്തതുകാരണം കര്‍ഷകര്‍ക്ക് പ്രയോജനമാകുന്നില്ല.

നെല്‍കൃഷി മേഖലയില്‍ വിദഗ്ധ തൊഴിലാളികളെ കിട്ടാത്തതാണ് കര്‍ഷകര്‍ക്ക് കൃഷിയോട് താല്‍പ്പര്യം കുറയാന്‍ പ്രധാന കാരണം. സത്രീ തൊഴിലാളികള്‍ക്ക് 500 രൂപയും പുരുഷ തൊഴിലാളികള്‍ക്ക് 850 രൂപയുമാണ് കൂലി. കഴിഞ്ഞ തവണ പുഞ്ചകൃഷി ചെയ്ത കര്‍ഷകര്‍ക്ക് വേനല്‍ മഴയില്‍ കനത്ത നാശനഷ്ടം ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇവര്‍ക്കാര്‍ക്കും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന ആക്ഷേപം കര്‍ഷകര്‍ക്കുണ്ട്.