കൊയിലാണ്ടിയിൽ ബെെക്കിനു മുകളിലൂടെ അമിത വേ​ഗത്തിലെത്തിയ ബസ് കയറിയിറങ്ങി, ബെെക്കിന്റെ മുൻവശം പൂർണ്ണമായും തകർന്നു, ബെെക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


കൊയിലാണ്ടി: കൊയിലാണ്ടിയിൽ വീണ്ടും വാഹനാപകടം. ബസ് സ്റ്റാൻഡിലേക്ക് അമിത വേഗത്തിൽ എത്തിയ ബസ്സിനടിയിൽ ബൈക്ക് കയറിയാണ് അപകടമുണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു.

ഇന്ന് വൈകീട്ട് അഞ്ചരയോടെ കൊയിലാണ്ടി ബസ് സ്റ്റാൻഡിലാണ് സംഭവം. ബീച്ച് റോഡ് സ്വദേശി പുതിയ ബസ് സ്റ്റാൻഡിനു സമീപമുള്ള റിംഗ് റോഡിൽ നിന്ന് സ്റ്റേറ്റ് ഹൈവെയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ഇതേ സമയം യാത്ര ബസ് അരികുളം ഭാഗത്ത് നിന്ന് വരുകയായിരുന്നു. ബസ് സ്റ്റാൻഡിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടയിൽ ബൈക്കിലിടിക്കുകയും താഴെ വീണ ബൈക്കിനു മുകളിലൂടെ കേറിയിറങ്ങുകയുമായിരുന്നു.

അപകടത്തിൽ യുവാവിന്റെ കാലിനു പരിക്കേറ്റു. വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ കൊയിലാണ്ടി പോലീസും നാട്ടുകാരും ചേർന്ന് ഇയാളെ താലൂക്കാശുപത്രിയിലേക്ക് കൊണ്ട് പോയി. സാരമായ പരുക്കുകളൊന്നുമില്ലാതെ യുവാവ് അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.

ബസ്സിൻ്റെ മുൻഭാഗത്തെ ടയർ ബൈക്കിന് മുകളിലൂടെ കയറിയിറങ്ങിയ നിലയിലാണുള്ളത്. ബൈക്കിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു പോയി. അമിത വേഗത്തിലായിരുന്നു ബസ് എന്നും ഇതാണ് അപകടത്തിന് വഴിയൊരുക്കിയെതെന്നുമാണ് ദൃക്‌സാക്ഷികൾ പറയുന്നത്.