കാലതാമസമില്ലാതെ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി; സംസ്ഥാന പുരസ്‌കാര നിറവില്‍ പയ്യോളി സ്വദേശിനി അഫ്‌സത്ത്


പേരാമ്പ്ര: സംസ്ഥാന പുരസ്‌കാരത്തിന്റെ നിറവില്‍ തോലേരി സ്വദേശിനി അഫ്‌സത്ത്. കോഴിക്കോട് ജില്ലയിലെ മികച്ച സര്‍വ്വേയര്‍ക്കുള്ള അവാര്‍ഡിനാണ് അഫ്‌സത്ത് അര്‍ഹയായത്. കോഴിക്കോട് സിവില്‍ സ്‌റ്റേഷനില്‍ റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റില്‍ സര്‍വ്വേയറാണ് അഫ്‌സത്ത്.

റീസര്‍വ്വേകളും സര്‍വ്വേ രംഗത്തെ ഫീല്‍ഡുവര്‍ക്കുകളുമൊക്കെ സമയബന്ധിതമായി പൂര്‍ത്തിയാക്കിയതാണ് അഫ്‌സത്തിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഇതിനെ വലിയ ഉത്തരവാദിത്തമായി കണക്കാക്കുന്നെന്നും അഫ്‌സത്ത് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

പയ്യോളി തോലേരി സ്വദേശിനിയാണ്. പത്തുവര്‍ഷത്തോളമായി സര്‍വ്വേയറായി ജോലി ചെയ്യുന്നുണ്ട്. നേരത്തെ വയനാട് ജില്ലയിലായിരുന്നു. മൂന്നുവര്‍ഷം മുമ്പാണ് കോഴിക്കോട്ടേക്ക് വന്നത്.

വാകയാട് മുസ്തഫ സഫിയ ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: മജീദ്. നെജ ഫാത്തിമ, ലെന മെഹ്‌റിന്‍ എന്നിവര്‍ മക്കളാണ്.