സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം; മൂരാട് ബസുകള്‍ കൂട്ടിയിടിച്ചു


പയ്യോളി: മത്സരയോട്ടം നടത്തുകയായിരുന്ന സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ‘സിഗ്മ’ ബസും കോഴിക്കോട് നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ‘വെസ്റ്റ് കോസ്റ്റ്’ ബസുമാണ് കൂട്ടിയിടിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം.

വൈകീട്ട് നാലരയോടെ ദേശീയപാതയില്‍ ഇരിങ്ങല്‍ മൂരാട് ഓയില്‍മില്‍ ബസ് സ്‌റ്റോപ്പില്‍ കോഴിക്കോട്‌നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ‘സിഗ്മ’ ബസ് യാത്രക്കാരെ ഇറക്കുമ്പോഴാണ് സംഭവം. തൊട്ടുപുറകില്‍നിന്ന് എത്തിയ കോഴിക്കോട് നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ‘വെസ്റ്റ് കോസ്റ്റ്’ ബസ് ‘സിഗ്മ’ ബസിന്റെ ഇടതു വശത്തുകൂടി റോഡില്‍നിന്ന് ഇറക്കി മറികടക്കാനുള്ള ശ്രമത്തിനിടെയായാണ് അപകടമുണ്ടായത്. വീണ്ടും റോഡിലേക്ക് കയറ്റാനുള്ള ശ്രമത്തില്‍ ഇരു ബസുകളും ഇടിക്കുകയായിരുന്നു.അപകടം വരുത്തിവെച്ച സ്വകാര്യ ബസുകളിലെ യാത്രക്കാരും സമീപത്തെ കച്ചവടക്കാരും തലനാരിഴക്കാണ് വന്‍ ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടത്. അപകടം വരുത്തിയ ബസ് ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു.

സംഭവസ്ഥലത്ത് റോഡരികില്‍ നില്‍ക്കുകയായിരുന്ന മത്സ്യവില്‍പനക്കാരും തട്ടുകടക്കാരും സാധനം വാങ്ങാനെത്തിയവരും ഉണ്ടായിരുന്നു. തലനാരിഴക്കാണ് ഇവരെല്ലാം അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. രണ്ട് ബസുകളും പയ്യോളി പൊലീസ് കസ്റ്റഡിയിലെടുത്തു. മൂരാട് പാലത്തിന് ഇരുവശവും സംഭവത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.