യാത്ര ചെയ്തിരുന്ന കാറിന്റെ ടയര്‍ പൊട്ടി, മാറിയ കാര്‍ ബ്രേക്ക് ഡൗണ്‍ ആയി, അകമ്പടി വാഹനങ്ങള്‍ ഇല്ല; എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ് കേസിലെ പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവന്നതില്‍ വന്‍ സുരക്ഷാ വീഴ്ചയെന്ന് ആരോപണം, ഷാരൂഖിനെ കോഴിക്കോട് എത്തിച്ചു


കോഴിക്കോട്: എലത്തൂരില്‍ ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ തീ വെച്ച സംഭവത്തിലെ പ്രതി ഷാരൂഖ് സെയ്ഫിയെ കോഴിക്കോട് എത്തിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് പ്രതിയുമായി അന്വേഷണസംഘം കോഴിക്കോട് എത്തിയത്. പ്രതി ഷാരൂഖിനെ മുഖം മറച്ചാണ് കൊണ്ടുവന്നത്.

മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്ന് ഇന്നോവ കാറില്‍ ഷാരൂഖിനെ കേരള-കര്‍ണ്ണാടക അതിര്‍ത്തിയായ തലപ്പാടിയിലെത്തിച്ചു. തുടര്‍ന്ന് ഇന്നോവയില്‍ നിന്ന് ഷാരൂഖിനെ ഫോര്‍ച്യൂണറിലേക്ക് മാറ്റി. പിന്നീട് ഈ കാറിലാണ് യാത്ര തുടര്‍ന്നത്. കേരളത്തിലെ ഭീകരവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) ഉദ്യോഗസ്ഥരാണ് പ്രതിക്കൊപ്പം കാറിലുണ്ടായിരുന്നത്.

ഈ യാത്രയ്ക്കിടെയാണ് വലിയ സുരക്ഷാ വീഴ്ച ഉണ്ടായി എന്ന ആരോപണം ഇപ്പോള്‍ ഉയരുന്നത്. തലപ്പാടിയില്‍ നിന്ന് കോഴിക്കോടേക്കുള്ള യാത്രയ്ക്കിടെ കണ്ണൂര്‍ ജില്ലയിലെ മമ്മാക്കുന്നില്‍ വച്ച് ഇവര്‍ സഞ്ചരിച്ച് ഫോര്‍ച്യൂണര്‍ കാറിന്റെ പിന്നിലെ ടയര്‍ പൊട്ടി. പുലര്‍ച്ചെ മൂന്നരയ്ക്കാണ് സംഭവമുണ്ടായത്. ഇതേ തുടര്‍ന്ന് പ്രതിയുമായി പോവുകയായിരുന്ന സംഘം ഒന്നര മണിക്കൂറോളമാണ് വഴിയില്‍ കിടന്നത്.

തുടര്‍ന്ന് മറ്റൊരു വാഹനം എത്തിച്ച് യാത്ര അതില്‍ തുടരാന്‍ സംഘം തീരുമാനിച്ചു. കണ്ണൂര്‍ എ.ടി.എസ്സിന്റെ കാറാണ് ഇതിനായി എത്തിച്ചത്. എന്നാല്‍ ഈ കാര്‍ എഞ്ചിന്‍ തകരാറ് കാരണം ബ്രേക്ക് ഡൗണായതോടെ യാത്ര വീണ്ടും പ്രതിസന്ധിയിലായി. പിന്നീട് നാലേ മുക്കാലോടെ സ്വകാര്യ വാഗണ്‍ആര്‍ കാറില്‍ കയറ്റിയാണ് പ്രതിയെ കോഴിക്കോട് പൊലീസ് ക്യാമ്പിലേക്ക് എത്തിച്ചത്.

പ്രതിക്കൊപ്പം മൂന്ന് പൊലീസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഫോര്‍ച്യൂണറിന്റെ ടയര്‍ പൊട്ടിയ ശേഷം 45 മിനുറ്റ് കഴിഞ്ഞാണ് എടക്കാട് പൊലീസ് സ്ഥലത്തെത്തി വാഹനത്തിന് സുരക്ഷയൊരുക്കിയത്. യാത്രയില്‍ പ്രതിയെ കൊണ്ടുവന്ന വാഹനത്തിന് അകമ്പടി വാഹനങ്ങള്‍ ഉണ്ടായിരുന്നില്ല. എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ് കേസിലെ പ്രതിയെ കൊണ്ടുവന്ന വാഹനമാണ് എന്നറിഞ്ഞതോടെ നാട്ടുകാര്‍ കാറിന് ചുറ്റും കൂടിയിരുന്നു. ഇതെല്ലാമാണ് ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായി എന്ന ആരോപണം ഉയരാന്‍ കാരണം.

ഏപ്രില്‍ രണ്ട് ഞായറാഴ്ച രാത്രിയാണ് എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ തീ വെപ്പ് ഉണ്ടായത്. രാജ്യത്തെ തന്നെ ഞെട്ടിച്ച സംഭവത്തില്‍ മൂന്ന് പേരാണ് മരിച്ചത്. ഡി-1 കോച്ചിലെത്തിയ പ്രതി യാത്രക്കാര്‍ക്ക് നേരെ പെട്രോള്‍ ചീറ്റിക്കുകയും തീ കൊളുത്തുകയുമായിരുന്നു. തുടര്‍ന്ന് പ്രതി ട്രെയിന്‍ മാര്‍ഗം മഹാരാഷ്ട്രയിലെ രത്‌നഗിരിയിലേക്ക് കടക്കുകയായിരുന്നു.

കേരള പൊലീസ്, ആര്‍.പി.എഫ്, ഇന്റലിജന്‍സ്, ഡല്‍ഹി പൊലീസ്, ഭീകരവിരുദ്ധ സ്‌ക്വാഡ് തുടങ്ങിയ വിവിധ ഏജന്‍സികളുടെ ഏകോപിതമായ അന്വേഷണത്തിനൊടുവില്‍ മഹാരാഷ്ട്ര എ.ടി.എസ് ആണ് പ്രതിയെ രത്‌നഗിരിയില്‍ വച്ച് അറസ്റ്റ് ചെയ്തത്. ഡല്‍ഹി സ്വദേശിയാണ് പ്രതി ഷാരൂഖ് സെയ്ഫി.